എന്റെ നാലുമണിപ്പൂവ്

ഒന്നു യാത്ര പറയാനുള്ള അനുവാദമെങ്കിലും നീയെനിക്കു തരണം.
ഞാൻ നിനക്കായി നട്ട നാലുമണിച്ചെടിയിൽ പൂ വിരിഞ്ഞതും കെട്ടതും
എന്നോട് ചോദിച്ചിട്ടല്ല. എങ്കിലും.
——————————————–
തുലാവർഷത്തിലെ നാലുമണിപ്പൂവാണ് ഞാൻ
മഴയെന്നെ കെടുത്തി കളയും.
അടുത്തജന്മത്തിൽ നീയൊരു നാലുമണിച്ചെടി നടണം.
ഒരു തുലാവർഷ സന്ധ്യയിൽ എനിക്കതിലെ ആദ്യത്തെ പൂവാകണം.
ഒരു മിന്നൽ വെളിച്ചത്തിൽ
നിന്റെ മുഖമൊന്നു കാണാൻ മാത്രം മാത്രം.
പിന്നെ, ഒരു തുള്ളി വെള്ളം കൊണ്ടു
കെട്ടു വീഴണം.
ആ നേരം നിന്റെ മുഖത്തൊരു നിരാശ പടരും.
നീ നട്ടുവളർത്തിയ നാലുമണിച്ചെടിയുടെ
ആദ്യത്തെ പൂ കെട്ടു പോയതിന്റെ.

——————————————

Advertisements

മിന്നാമിനുങ്ങ്

ഏഴുമലകൾക്കു നടുവിൽ
എട്ടാമതൊരു കുന്നിന്റെ ചെരുവിൽ
എനിക്കൊരു വീടുണ്ട്.
നീ പറഞ്ഞത് പോലെ തന്നെ.
ഇവിടെ ചെമ്മാനമുള്ള സന്ധ്യകളിൽ
ചിലപ്പോൾ മഴ ചാറാറുണ്ട്.
ഇന്ന് അങ്ങിനെയൊരു ദിവസമാണ്.
ഒരുപാട് കാലം കൂടി കോറിയിട്ട നിറമാണ്.
എങ്കിലും സൂര്യന് പ്രതിഷേധമൊന്നുമില്ല.
പതിവുപോലെ
മലയിടുക്കുകളിറങ്ങി അവൻ പോയി.
പ്രശാന്തത നിറഞ്ഞ ഈ സന്ധ്യകളിലാണ്
മിന്നാമിന്നികൾ എന്നെക്കാണാൻ വരാറുള്ളത്.
നിനക്കറിയാമോ…
പ്രണയവും അതുപോലെയാണ്.
അതിനു ഭാഷയൊന്നുമില്ല.
ദൂരമുണ്ട് കേട്ടോ…
പ്രശാന്തമായ ദിനങ്ങളിൽ അത് ഹൃദയത്തിൽ തെളിയും.
അടുത്താണെങ്കിൽ മാത്രം.
അകലെയിരുന്നു ഒന്നടുത്തു നോക്കൂ.
എന്നോട് പറയണ്ട.
നിന്നോടും പറയണ്ട.
മിന്നാമിന്നിയുടെ വെളിച്ചം പോലെയാണ്
അത് വരും പോകും.

പക്ഷെ ആ നേർമ എന്നുമുണ്ടാകും.

മരണം.

ശീതക്കാറ്റടിക്കുന്ന രാത്രിയാണിവിടെ.

എങ്കിലും നീ കത്തിച്ച പ്രണയത്തിന്റെ കെടാവിളക്ക് അണഞ്ഞു പോവുന്നില്ലല്ലോ….

അതെന്നെ ദഹിപ്പിക്കുകയാണ്.

ഈ കാറ്റിന് എന്നെ ഒന്നും ചെയ്യാനാവുന്നില്ല.

എന്റെ ജീവൻ കത്തുകയാണ്.

മരണത്തെ പ്രാർത്ഥിക്കുന്ന മനുഷ്യനാണ് ഞാനിപ്പോൾ.

നീ എന്തിനാണ് പോയത്?

നീ എന്നെ പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞത് സത്യമായിരുന്നോ …

പിന്നെ എനിക്കെന്താണ് പറ്റിയത്..

എത്ര വേണ്ടാന്നു വച്ചാലും ഈ പ്രണയം എന്നെ വിട്ടു പോവില്ല. ഇപ്പോ ഞാൻ അതിനു ശ്രമിക്കാറുമില്ല. ഇതൊരു ആഴിയാണ്. അതിൽ ഉരുകി ഉരുകി വേറെന്തോ ആയി മാറുകയാണ് ഞാൻ.

നീ എത്ര ആഴത്തിലാണ് എനിക്ക് പ്രണയത്തെ പറഞ്ഞു തരുന്നത്! നീയെന്റെ കൂടെ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഞാൻ ഇങ്ങനെയൊന്നും അനുഭവിക്കില്ലായിരുന്നു. നിനക്കിതു പകർന്നു തരാൻ പറ്റുന്നില്ലല്ലോ എന്നു മാത്രമാണെന്റെ ദുഃഖം.

ചില നേരത്തു നീയെന്റെ ഹൃദയം ആനന്ദം കൊണ്ടു നിറയ്ക്കും. മുത്തുമണികൾ ഊർന്നിറങ്ങുന്ന പോലെയാണ് അത്‌. കാലൊക്കെ തളർന്നു പോകും. എന്നാലും അതൊരു അനുഭൂതിയാണ്. അനുഭവിച്ചാലെ അറിയാൻ കഴിയൂ.

ചില നേരത്തു കുഞ്ഞു കുട്ടിയെ പോലെ നീയെന്നെ കരയിക്കും. അതിനു ശേഷമുള്ള പ്രശാന്തത പറഞ്ഞു തരാൻ എനിക്കറിയില്ല.

*എന്നില്‍ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്
ഞാന്‍ സദാ തിരയുന്നതും അതാണ് ,
അതിനായ് സ്വച്ഛന്ദവും നിശ്ചലവുമായി ഞാന്‍ നിലകൊള്ളുന്നു.
ജലം ചന്ദ്രബിംബത്തെ ഏറ്റു വാങ്ങുവാനെന്ന പോലെ*

എന്നു കവി പറഞ്ഞതു പോലെയാണ്. അവരൊക്കെ അനുഭവിച്ചത്‌ നീയെന്നെ അനുഭവിപ്പിക്കുകയാണ്.

*എഴുന്നേറ്റു നടന്നാട്ടെ.

കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ

ഒരു മുഹൂർത്തം വരും

നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,

ഉടൽ നിലം വിടുന്നതു നിങ്ങളറിയും*
എന്നു റൂമി പറഞ്ഞതു ഞാൻ അനുഭവിക്കുകയാണ്. സത്യമാണതൊക്കെ.
നീയെനിക്ക് തന്നതൊന്നും തിരിച്ചു തരാൻ ശേഷിയുള്ളവനല്ല ഞാൻ. അങ്ങനെയൊരാൾ നിന്റെ ജീവിതത്തിലും വന്നു ചേരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കാം.

എന്റെ ജീവൻ

ഞാൻ തന്ന പട്ടികുട്ടി ഉണ്ടല്ലോ..
അതിനു ജീവനുണ്ട്.
അതെന്റെ ജീവനാണ്.
ഇരുട്ടറയിലടച്ചെങ്കിൽ അതിനെ തുറന്നു വിടണം.
പെട്ടന്ന് വേണ്ട.
പതിയെ.
കാലങ്ങൾക്കു ശേഷം പ്രകാശം കണ്ടാൽ
അതിന്റെ കണ്ണു മഞ്ഞളിച്ചു പോകും.
പതിയെ തുറന്നു വിടണം.
അതെന്നോട് ചേരട്ടെ.

അയ്യപ്പൻ

പറയാതെ അറിയുമെന്ന് കരുതിയതാണ് .
ഇനി പറയാം.
എട്ടു വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകും .
മനസ്സിൽ ഒരേ ഒരു പ്രാർത്ഥന
അയ്യപ്പൻ നടന്ന വഴിയേ നടന്നു
കാടും മേടും കേറി കാനനപാത വഴി നടന്നു.
നടന്നു നടന്നു കാലിൽ കല്ലുകൾ കുത്തി കേറാൻ തുടങ്ങിയപ്പോൾ
ഞാൻ വിചാരിച്ചു ഈ വേദന അനുഭവിച്ചാലേ അയ്യപ്പൻ എന്റെ പ്രാർത്ഥന കേൾക്കൂ…
കുറച്ചും കൂടി വേദന എടുത്തു കൊള്ളട്ടെ എന്ന് വിചാരിച്ചു കുറച്ചു കൂടി അമർത്തി നടന്നു.

എന്തായാലും രാഷ്ട്രീയക്കാരുടെ സ്വഭാവം ഒന്നും അയ്യപ്പൻ കാണിച്ചില്ല.
നോക്കാം, ആലോചിക്കാം. എന്നൊന്നും പറഞ്ഞില്ല.
“കൊണ്ട് പോയി കുഴിച്ചിട്ടേക്കാൻ” പറഞ്ഞു.

നന്ദിതയും ഞാനും

നന്ദിതയുടെ, അയ്യപ്പന്‍റെ, വാന്‍ ഗോഗിന്‍റെ, റില്‍ക്കെയുടെ

വഴിയിലാണ് ഈ യാത്ര

മടങ്ങി പോകാം, അല്ലെങ്കില്‍ വഴി തിരിഞ്ഞു പോകാം

എന്നൊക്കെ പറഞ്ഞു നോക്കി

എന്‍റെ ആത്മാവ് ഒരു കൊച്ചു കുട്ടിയാണ്

അവന്‍ പിടിച്ച മുയലിനു

മൂന്ന് കൊമ്പാണ്

പക്ഷെ അവന്‍ ഭയന്നിരിക്കുന്നു

പ്രഭാതങ്ങളില്‍ അവന്‍റെ വിറയല്‍  എനിക്കറിയാം

 

സ്വര്‍ഗത്തിലെ മരം

ഒരിക്കല്‍ ഞാന്‍ നിന്നോട് പറഞ്ഞിരുന്നു 

സ്വര്‍ഗത്തിലെ ഒരു മരം ഞാന്‍ നട്ടു വളർത്തുന്നുണ്ടെന്നു

അതിന്റെ ഇലകള്‍ ഇതുവരെ കൊഴിഞ്ഞിട്ടില്ല എന്ന്

അത് സത്യമാണ്.

ഇന്നലെ ഞാന്‍ മരത്തിനോട് പറഞ്ഞു 

ഇനി നീ ഒരിക്കലും വരില്ല എന്ന്

അതിന്റെ ഇലകള്‍ ഒന്ന് പോലും ഇല്ലാതെ 

എല്ലാം കൊഴിഞ്ഞിരിക്കുന്നു.


നേരം വെളുക്കുന്നേയുള്ളൂ

അങ്ങകലെ എഴുമലകള്‍ക്കുമപ്പുറത്തു നിന്ന്

ആ ഇലകളിലെ മഞ്ഞുതുള്ളികളില്‍ ഏന്തികയറുന്ന

സൂര്യനെ കാട്ടിത്തരാം എന്നും ഞാന്‍ പറഞ്ഞിരുന്നു

അതും സത്യമായിരുന്നു.

പക്ഷെ ആ ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു.

അവിടെ ഒരു വേഴാമ്പല്‍ വരുമായിരുന്നു

മലമുഴക്കി

അവന്റെ പ്രിയതമക്ക് ഏറ്റവും വിശിഷ്ടമായ

പഴങ്ങള്‍ ആ മരം നല്‍കിയിരുന്നു

ഒരിക്കല്‍ ഞാന്‍ നിനക്ക് സമ്മാനിച്ച

ചുവന്ന പഴങ്ങള്‍ നീ ഓര്‍ക്കുന്നില്ലേ

അതാ വേഴാമ്പല്‍ എനിക്ക് തന്നതാണ്


ഒരിക്കല്‍ നീ വരുമ്പോള്‍ സായം സന്ധ്യയില്‍

ചെങ്കനല്‍ സൂര്യനും പടിഞ്ഞാട്ടോടുന്ന കിളികള്‍ക്കും

യാത്ര പറയാം എന്ന് ഞാന്‍ പറഞ്ഞിരുന്നു

സത്യമാണ്

മങ്ങിയ വെളിച്ചത്തില്‍ ആദ്യം തെളിയുന്ന

ധ്രുവനക്ഷത്രത്തിനു  കൈ വീശി കാണിക്കാം

എന്നും ഞാന്‍ പറഞ്ഞിരുന്നു

സത്യമാണ്

പക്ഷെ നീയിനി വരില്ലല്ലോ.

സ്വര്‍ഗത്തിലെ മരവും ഇലകള്‍ പൊഴിച്ചിരിക്കുന്നു

GxK